Friday, February 22, 2008

ആയീ..ഠായീ...നാരങ്ങാമിഠായീ

മൂന്നു നേരവും മധുരമുള്ളതെന്തെന്കിലും കഴിച്ചു വിശപ്പടക്കാന്‍ ആഗ്രഹിച്ചിരുന്ന ബാല്യകാലം. എന്റെ നാവില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന തേന്മധുരം സമ്മാനിച്ച അഞ്ചു മധുരക്കൂട്ടുകാരെ ഓര്‍ക്കുന്നു….എന്റെ പഞ്ചാമൃതം.

നാവില്‍ അതിമധുരം വിളമ്പിയ ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മധുരക്കൂട്ടുകാരില്‍ മുമ്പന്‍ നാരങ്ങാമിഠായി തന്നെ. ഒന്നു രുചിച്ചവര്‍ക്കാര്‍ക്കും പലവര്‍ണ്ണങ്ങളില്‍ മിഠായിഭരണികളില്‍ വര്‍ണ്ണവസന്തം വിരിയിച്ചിരുന്ന ഇവനെ മറക്കാന്‍ സാധിക്കില്ല. റാപ്പറുകളില്ലാത്ത മിഠായികള്‍ ഹൈക്കമാണ്ടില്‍ നിന്നും വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ വിലക്കപ്പെട്ട കനി ഏതു വിധേനയും കരസ്ഥമാക്കാന്‍ ഒരു പ്രത്യേക ശുഷ്കാന്തി തന്നെയായിരുന്നു. തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നതാണു ഒരു കുഴപ്പം. ഒടുവില്‍ നാവിലെ തൊലി പോവുന്നതു വരെ തുടരും. കഴിഞ്ഞ ഇന്‍ഡ്യാ യാത്രയില്‍ ഈ കളിക്കൂട്ടുകാരനെ വീണ്ടും കണ്ടെത്തി. പക്ഷെ അവന്റെ കെട്ടും മട്ടും മാറിയിരുന്നു. ചെറിയ പാക്കറ്റില്‍ ബേക്കറിയിലെ അലമാരയിലിരുന്ന ഇവനെ എന്റെ കണ്ണുകള്‍ കണ്ടുപിടിച്ചതില്‍ വലിയ അത്ഭുതം തോന്നിയില്ല. പഴയ ആത്മബന്ധം അത്ര വലുതായിരുന്നല്ലൊ.
ആ അവധിയില്‍ തന്നെ കുമരകം ബോട്ട് യാത്രക്കായി(ഫാമിലി ഗെറ്റ്ടുഗദര്‍) എല്ലാവരും ഒത്തു കൂടി. വെടി പറഞ്ഞിരുന്നപ്പോള്‍ മധുരം നുണയാന്‍ ഞാനും ചേച്ചിയും ബാഗു തുറന്നു. ഞെട്ടിപ്പൊയി. കൊച്ചിയില്‍ നിന്നു വന്ന ചേച്ചിയും പാലായില്‍(കാനഡാ വഴി) നിന്നെത്തിയ ഞാനും കൊണ്ടുവന്നതു… നാരങ്ങാ മിഠായി…രക്ത ബന്ധത്തേക്കള്‍ ശക്തമായ ഒരു ബന്ധം ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം…കാനഡയിലേക്കുള്ള മടക്കയാത്രയില്‍ വിസയില്ലാത്ത നാരങ്ങാമിഠായിയേയും കൂട്ടി.

നാവില്‍ രസം നിറച്ച പഞ്ചാമൃതക്കൂട്ടില്‍ രണ്ടാമന്‍ ചതുരാകൃതിയില്‍ ഒടിച്ചെടുത്ത് കറുമുറെ കടിച്ചു തിന്നാവുന്ന കടലമിഠായി.എത്ര കൊറിച്ചാലും രസം മാറാത്ത കടലയും അപ്പോഴും ഇപ്പോഴും ഒരു പോലെ ഇഷ്ടമുള്ള ശര്‍ക്കരയും കൂട്ടുകാരായപ്പോള്‍ കടലമിഠായിയും എന്റെ പ്രിയതോഴനായി.റാപ്പറുള്ളതു കൊണ്ടു ഹൈക്കമാണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാക്കിയുമില്ല. ഏഞ്ചിനീയറിങ് കോളേജ് ഹോസ്റ്റെലില്‍ നിന്നുമുള്ള ഓരോ മടക്ക യാത്രയിലും കടലമിഠായി വാങ്ങിവെച്ചു എന്നെ കാത്തിരുന്ന എന്റെ പ്രിയപ്പെട്ട ഹൈക്കമാണ്ട്(അപ്പച്ച-അമ്മച്ചി)...ആ സ്നേഹത്തിനു അതിമധുരം…

മൂന്നാമമൃതം പള്ളീപ്പെരുന്നാളിനെത്തുന്ന വാണിഭക്കാര്‍ മാത്രം കൊണ്ടുവരുന്ന മിഠായികളാണ്^. ഇവ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. ഈച്ചമിഠായി, പെരുന്നാള്‍മിഠായി എന്നൊക്കെ ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗണത്തിന്റെ ഏഴയലത്തുപോലും പോവാനുള്ള അനുവാദം ഈയുള്ളവള്‍ക്കില്ലായിരുന്നു. അസുഖം പിടിക്കാന്‍ വേറൊന്നും വേണ്ടാ എന്നയിരുന്നു ഹൈക്കമാണ്ട് വാദം. ഇവിടെ സഹായത്തിനെത്തുന്നതു കൂട്ടുകാരാണ്. ആരും കാണാതെ വളരെ വേഗത്തില്‍ അകത്താക്കുന്നതിനാല്‍ ഈ മിഠയികളോടു ആസ്വാദനത്തിന്റെ കാര്യത്തില്‍ ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

സിഗരറ്റു മിഠായി എന്നു വിളിക്കുന്ന നാലാമമൃതം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. കണ്ടാല്‍ സിഗരറ്റു പോലെ തന്നെയിരിക്കും കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതു പോലെ ചുണ്ടില്‍ വെച്ചു പതുക്കെ നുണഞ്ഞ്. സിഗരറ്റു വലിക്കണമെന്നു ആഗ്രഹമൊന്നുമില്ലായിരുന്നെന്കിലും ഇവനെ കൈയില്‍ പിടിച്ചു ചുണ്ടോടടുപ്പിക്കുമ്പോള്‍ എന്തോ ഒക്കെ ആണെന്ന ഭാവം ആയിരുന്നു മനസില്‍. അതുകൊണ്ടു തന്നെ പുകവലിയന്മാരുടെ മാനസികവികാരം നന്നായി മനസിലാക്കാന്‍ സധിക്കുന്നുണ്ട്.

എന്റെയീ പഞ്ചാമൃതത്തില്‍ അഞ്ചാമനും വളരെ പ്രിയന്കരനും എന്റെ നാട്ടില്‍ സുലഭമായി കിട്ടിയിരുന്ന നല്ല മധുരമുള്ള വാളന്‍ പുളിയാണ്. വീട് വിട്ട് ഞാന്‍ പോയ സ്ഥലത്തൊക്കെ ഇവന്‍ എന്റെ സന്തത സഹചാരിയായിരുന്നു. എന്റെ അടുക്കളയിലെ അലമാരയില്‍ സകലപ്രഭാവ്ത്തോടെയും ഇവന്‍ സദാ വിരാജിക്കുന്നു. നാരങ്ങാമിഠായി പോലെ തന്നെ തുടങ്ങിയാല്‍ പിന്നെ പല്ലും പുളിച്ച് നാവിലെ തൊലിയും പോയി രണ്ടുദിവസത്തേക്ക് പിന്നെ ഒന്നിന്റേയും രുചി അറിയണ്ടാ.

മുകളില്‍പ്പറഞ്ഞവര്‍പ്രിയപ്പെട്ടവര്‍. പക്ഷെ മധുരക്കൂട്ടുകാര്‍ ഇനിയുമേറെയുണ്ട്. ജോസിന്റെ കടയിലെ ജീരകമിഠായി…വാങ്ങി വീട്ടിലെത്തുമ്പോഴേക്കും ഇവന്‍ കൂടില്‍നിറക്കൂട്ട് സൃഷ്ടിച്ചിരിക്കും. എട്ടു പത്തെണ്ണം എടുത്തു കടിച്ചു പൊട്ടിച്ചു തിന്നുമ്പോള്‍...രുചി ദാ നാവിലെത്തിക്കഴിഞ്ഞു. പിന്നെ വിലയുടെ കാര്യത്തിലും നിലവാരത്തിന്റെ കാര്യത്തിലും അല്പം മുമ്പില്‍ നിന്നിരുന്ന കോഫീബ്യ്റ്റ്,എക്ലേര്‍സ് തുടങ്ങിയവ. ബര്‍ത്ഡേക്ക്ക്ലാസില്‍ എക്ലേര്‍സ് കൊടുക്കുന്നതായിരുന്നു ഒരു സ്റ്റാറ്റസ് സിംബല്‍. നിലവാരം ബോധിച്ചിരുന്നതിനാല്‍ എണ്ണത്തില്‍ നിയന്ത്രിച്ചാലും വാങ്ങിത്തരാന്‍ ഹൈക്കമാണ്ട് മടി കാട്ടിയിരുന്നില്ല. എന്നാല്‍ വളരെ ചെറുപ്പത്തിലേ ബാര്‍ട്ടര്‍സിസ്റ്റത്തിന്റെ സാധ്യതകള്‍ മനസിലാക്കിയിരുന്ന ഈയുള്ളവള്‍ ഒരു എക്ലേര്‍സ് കൊടുത്ത് അയല്‍വക്കത്തെ പയ്യന്‍സിന്‍റ്റെ അടുക്കല്‍ നിന്നു അഞ്ചു നാരങ്ങമിട്ടായി സംഘടിപ്പിച്ചിരുന്നു. ഈ ബിസിനസില്‍ എനിക്കാണു ലാഭമെന്നു ഞാനും തനിക്കാണു ലാഭമെന്നവനും അഹന്കരിച്ചിരുന്നു. പിന്നെയും നീണ്ട നിര….ഗ്യാസ് മിഠായി,പച്ചമിഠായി,ഓറഞ്ചു കല്ലു മിഠായി,കശുവണ്ടി മിഠായി, പൈനാപ്പിള്‍ മിഠായി…അങ്ങിനെ അങ്ങിനെ.

കാലം കടന്നു പോയി. എത്ര സ്ഥലങ്ങള്‍..എന്തൊക്കെ തരം മിഠായികള്‍...കെട്ടിലും മട്ടിലും മത്സരിച്ച്..എന്തൊക്കെ നിറങ്ങളില്‍ …ഭാവങ്ങളില്‍. മധുരം ഇഷട്മുള്ളതു കൊണ്ട് പലതും പരീക്ഷിച്ചു….ചിലതിഷ്ടമായി. പക്ഷെ അവയേയൊക്കെ തോല്പിച്ച് മധുര രാജാക്കന്മാരായി അപ്പോഴും ഇപ്പൊഴും എന്റെ നാവില്‍ ഇരട്ടിമധുരമായി എന്റെ പഞ്ചാമൃതം......അവയില്‍ മുഖ്യനായി എന്റെ പ്രിയപ്പെട്ട നാരങ്ങാമിഠായിയും.

18 comments:

Jane Joseph , New Jersey, USA said...

നാവില്‍ അതിമധുരം വിളമ്പിയ ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മധുരക്കൂട്ടുകാരില്‍ മുമ്പന്‍ നാരങ്ങാമിഠായി തന്നെ.

മൂര്‍ത്തി said...

നൊസ്റ്റ നൊസ്റ്റ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇപ്പഴും നാട്ടീ പോയാ ആദ്യം വാങ്ങുക നാരങ്ങ മിഠായിയും കടലമിഠായിയും ആണ്.

നല്ല ഓര്‍മ്മകള്‍

Gopan | ഗോപന്‍ said...

കുട്ടിക്കാലത്തെ ഓര്‍മകളിലേക്ക്
കൈപിടിച്ചു കൊണ്ടുപോയി
ഈ നാരങ്ങാ മിഠായി.
മധുരം നിറഞ്ഞ
ഈ കുറിപ്പിനു നന്ദി.

റീനി said...

മധുരം പുരണ്ട ഓര്‍മ്മകള്‍!

ഇപ്പോഴും ഇന്ത്യന്‍ കടയില്‍ പോയാല്‍ കടലമിഠായി പെറുക്കിയെടുക്കും. പക്ഷെ കിട്ടുന്നത് കടലയും പഞ്ചസാരയും തമ്മിലുള്ള കോംബിനേഷനാണ്. ഒരു തരം വാളം‌പുളി മിഠായിയും കണ്ടിട്ടുണ്ട്. പഞ്ചസാരയില്‍ പൊതിഞ വാളന്‍‌പുളി ഉണ്ടകള്‍.

പൊറാടത്ത് said...

മിഠായി നുണയുന്ന പോലെ തന്നെ മധുരമുള്ള വിവരണം. നന്നായിട്ടുണ്ട്..

Unknown said...

very nice, you take us to those good old days, keep going :-)

ഏ.ആര്‍. നജീം said...

ഹോ..... കയിച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ... ( വായിലെ വെള്ളത്തിന്റെ കാര്യമാണേ.. )

നൊസ്റ്റാളിജിയ.. :(

ഗീത said...

ജെയ്ന്‍, മധുരനൊംബരങ്ങള്‍ കൊള്ളാം....
നാരങ്ങാമിഠായി യുടെ സ്ഥാനത്ത് എനിക്കൊരു ഗുണ്ടു മിഠായി ഉണ്ടായിരുന്നു....
സ്കൂളിന്റെ ഗേറ്റിനരികില്‍ വില്പനയ്ക്ക് കൊണ്ടു വയ്ക്കുന്നത്...
ഇതുപോലൊരു വിലക്കപ്പെട്ട കനി. ശര്‍ക്കരപ്പാനി കുറുക്കി ഉണ്ടാക്കുന്നതെന്തോ ആയിരുന്നത്...
ഹൊ! അതിന്റെ ഒരു സ്വാദ് ഓര്‍ക്കുമ്പോള്‍ ദേ, ഇപ്പോള്‍ പോലും വായില്‍ വെള്ളമൂറുന്നു ....
പിന്നെ ആ കപ്പലണ്ടി മിഠായിയും വളരെപ്രിയപ്പെട്ടതായിരുന്നു.

Asha said...

"ഈ ബിസിനസില്‍ എനിക്കാണു ലാഭമെന്നു ഞാനും തനിക്കാണു ലാഭമെന്നവനും അഹന്കരിച്ചിരുന്നു."

This portion has a professional touch.... A casual comment but very elegant !!!!

Boban as Asha

Anonymous said...

NEE KOLLAMALLO KUTTIYEE!! IPPOZHUM MITTAI NUNAYUNNATHUM ORTHU IRIKUKAYANO?

KUTTIKALATHEKU ORU ETHI NOTTAM ARKA ISTAMALLATHATHU!!

CANADIAN MALAYALI EZHUTHUKARIKKU ENTE KOOPPUKAI

FROM KUWAIT

Jane Joseph , New Jersey, USA said...

എന്റെ നാരങ്ങാമിഠായിയേയും മറ്റു മധുരക്കൂട്ടുകാരേയും ഏറെ മധുരത്തോടെ ആസ്വദിച്ച എല്ലവര്‍ക്കും നന്ദി....വീന്ടും വരിക.

Anonymous said...

Good writing. Keep going. I even keep 'kadalamittai' in my office table for an occasional munch

വല്യമ്മായി said...

മിഠായി പോലെ മധുരമുള്ള എഴുത്ത്.ആശംസകള്‍.

വല്യമ്മായി said...
This comment has been removed by the author.
തറവാടി said...

' ഒരു എക്ലേര്‍സ് കൊടുത്ത് അയല്‍വക്കത്തെ പയ്യന്‍സിന്‍റ്റെ അടുക്കല്‍ നിന്നു അഞ്ചു നാരങ്ങമിട്ടായി സംഘടിപ്പിച്ചിരുന്നു. ഈ ബിസിനസില്‍ എനിക്കാണു ലാഭമെന്നു ഞാനും തനിക്കാണു ലാഭമെന്നവനും അഹന്കരിച്ചിരുന്നു '

എഴുത്തിനാത്മാര്‍ത്ഥതയുണ്ടാകുമ്പോള്‍ കുറച്ച് കൊണ്ട് കൂടുതല്‍ കൊടുക്കാന്‍ എഴുത്തുകാരനാവുന്നു. ബാല്യത്തിലേക്കൊന്നെത്തിനോക്കാനായ പോസ്റ്റ് , നന്ദി :)

Unknown said...

നാരങ്ങാ മിഠായിയോളം മധൂരമുള്ള കുട്ടിക്കാലം
മറ്റൊന്നുണ്ടാവില്ല

Anonymous said...

തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നതാണു ഒരു കുഴപ്പം.

exactly, and in my case unfortunately it applies to all junk food :)