Thursday, October 15, 2009

ആരാണു കശാപ്പുകാരന്‍?

ഒരു ശനിയാഴ്ച വൈകിട്ട് പതിവുപോലെ അപ്പച്ചയോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വഴിയില്‍ വര്‍ക്കിച്ചേട്ടന്റെ ഇറച്ചിക്കട...പിറ്റേദിവസത്തേക്കുള്ള ഓര്‍ഡര്‍ കൊടുക്കാനായി അപ്പച്ച കടയിലേക്കു കയറി, കൂടെ ഞാനും..കടയില്‍ വര്‍ക്കിച്ചേട്ടനെ കണാനില്ല...സാറേ ഞാനിതാ വരുന്നു...വര്‍ക്കിച്ചേട്ടന്‍ ഒരു പോത്തിനെ നടത്തിക്കൊണ്ടു വന്ന് അടുത്തുള്ള റബര്‍ മരത്തില്‍ കെട്ടി. “ഇവന്‍ നാളത്തേക്കാ“..അപ്പച്ചായുടെ ചോദ്യം. പെട്ടെന്നു ഞാന്‍ ആ പോത്തിനെ നോക്കി. എന്റെ കണ്ണുകള്‍ ആ മിണ്ടാപ്രാണിയുടെ കണ്ണുകളുമായി ഉടക്കി...ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു...ആ രണ്ടു കണ്ണുകള്‍ എന്നോടെന്തോ യാചിക്കുന്നതു പോലെ...ഞാന്‍ മുഖം വെട്ടിച്ചു. ഞങ്ങള്‍ നടത്തം തുടര്‍ന്നു. തിരികെ വന്നപ്പോഴും അവന്‍ അവിടെ തന്നെ നില്‍പ്പുണ്ട്..മങ്ങിയ വെളിച്ചത്തില്‍ ആ കണ്ണുകള്‍ തിളങ്ങി. വീട്ടില്‍ വന്നു കയറിയതു ഒരു പ്രതിജ്ഞയോടെയാണു....ഇന്നു തൊട്ട് വെജിറ്റേറിയന്‍. വല്ലാത്ത ഒരു മാനസിക സുഖം. നന്നായി ഉറങ്ങി.

പിറ്റെ ദിവസം പള്ളിയും സണ്ടേസ്കൂളും കഴിഞ്ഞു വന്നപ്പോള്‍ ഉച്ചയൂണു റെഡിയായിരുന്നു. .അപ്പവും പോത്തിറച്ചി ഉലര്‍ത്തിയതും വലിച്ചു വാരി കഴിച്ചുകൊണ്ട്, എന്റെ പ്രത്യയശാസ്ത്രങ്ങള്‍ക്ക്...എന്റെ പ്രതികരണ ശേഷിക്ക്...ഞാന്‍ തല്‍ക്കാലം അവധി കൊടുത്തു.