Monday, March 17, 2008

ഞാന്‍ മനുഷ്യന്‍

ഞാന്‍ മനുഷ്യന്‍; ജന്മസ്ഥലം ഭൂമി, വയസ്സ് ദിനരാത്രങ്ങള്‍
ഞാന്‍ മനുഷ്യന്‍; ജാതി ജീവജാലം, ജോലി ജീവിതം
ഞാന്‍ മനുഷ്യന്‍; മതം മനസ്സാക്ഷി, കര്‍മ്മമണ്ഡലം സേവനം
ഞാന്‍ മനുഷ്യന്‍; വര്‍ഗ്ഗം ഇരുകാലി, വിദ്യാലയം ലോകം
ഞാന്‍ മനുഷ്യന്‍; ഭാഷ സ്നേഹം, ഇഷ്​ടഭക്ഷണം കായ്കനികള്‍
ഞാന്‍ മനുഷ്യന്‍; ഗുരു അനുഭവം, ഇഷ്​ടവിഷയം മനുഷ്യര്‍
ഞാന്‍ മനുഷ്യന്‍; ഇഷ്​ടപുസ്തകം പ്രകൃതി, ഇഷ്​ടസംഗീതം മഴ
ഞാന്‍ മനുഷ്യന്‍; ഇഷ്​ടസുഹൃത്ത് മനസ്സ്, ഇഷ്​ടപ്രവൃത്തി ദാനധര്‍മ്മം
ഞാന്‍ മനുഷ്യന്‍; നിങ്ങളേപ്പോലൊരു മനുഷ്യന്‍.

Friday, February 22, 2008

ആയീ..ഠായീ...നാരങ്ങാമിഠായീ

മൂന്നു നേരവും മധുരമുള്ളതെന്തെന്കിലും കഴിച്ചു വിശപ്പടക്കാന്‍ ആഗ്രഹിച്ചിരുന്ന ബാല്യകാലം. എന്റെ നാവില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്ന തേന്മധുരം സമ്മാനിച്ച അഞ്ചു മധുരക്കൂട്ടുകാരെ ഓര്‍ക്കുന്നു….എന്റെ പഞ്ചാമൃതം.

നാവില്‍ അതിമധുരം വിളമ്പിയ ഇപ്പോള്‍ നാമാവശേഷമായിക്കൊണ്ടിരിക്കുന്ന മധുരക്കൂട്ടുകാരില്‍ മുമ്പന്‍ നാരങ്ങാമിഠായി തന്നെ. ഒന്നു രുചിച്ചവര്‍ക്കാര്‍ക്കും പലവര്‍ണ്ണങ്ങളില്‍ മിഠായിഭരണികളില്‍ വര്‍ണ്ണവസന്തം വിരിയിച്ചിരുന്ന ഇവനെ മറക്കാന്‍ സാധിക്കില്ല. റാപ്പറുകളില്ലാത്ത മിഠായികള്‍ ഹൈക്കമാണ്ടില്‍ നിന്നും വിലക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഈ വിലക്കപ്പെട്ട കനി ഏതു വിധേനയും കരസ്ഥമാക്കാന്‍ ഒരു പ്രത്യേക ശുഷ്കാന്തി തന്നെയായിരുന്നു. തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താന്‍ പറ്റില്ല എന്നതാണു ഒരു കുഴപ്പം. ഒടുവില്‍ നാവിലെ തൊലി പോവുന്നതു വരെ തുടരും. കഴിഞ്ഞ ഇന്‍ഡ്യാ യാത്രയില്‍ ഈ കളിക്കൂട്ടുകാരനെ വീണ്ടും കണ്ടെത്തി. പക്ഷെ അവന്റെ കെട്ടും മട്ടും മാറിയിരുന്നു. ചെറിയ പാക്കറ്റില്‍ ബേക്കറിയിലെ അലമാരയിലിരുന്ന ഇവനെ എന്റെ കണ്ണുകള്‍ കണ്ടുപിടിച്ചതില്‍ വലിയ അത്ഭുതം തോന്നിയില്ല. പഴയ ആത്മബന്ധം അത്ര വലുതായിരുന്നല്ലൊ.
ആ അവധിയില്‍ തന്നെ കുമരകം ബോട്ട് യാത്രക്കായി(ഫാമിലി ഗെറ്റ്ടുഗദര്‍) എല്ലാവരും ഒത്തു കൂടി. വെടി പറഞ്ഞിരുന്നപ്പോള്‍ മധുരം നുണയാന്‍ ഞാനും ചേച്ചിയും ബാഗു തുറന്നു. ഞെട്ടിപ്പൊയി. കൊച്ചിയില്‍ നിന്നു വന്ന ചേച്ചിയും പാലായില്‍(കാനഡാ വഴി) നിന്നെത്തിയ ഞാനും കൊണ്ടുവന്നതു… നാരങ്ങാ മിഠായി…രക്ത ബന്ധത്തേക്കള്‍ ശക്തമായ ഒരു ബന്ധം ഞങ്ങള്‍ തിരിച്ചറിഞ്ഞ നിമിഷം…കാനഡയിലേക്കുള്ള മടക്കയാത്രയില്‍ വിസയില്ലാത്ത നാരങ്ങാമിഠായിയേയും കൂട്ടി.

നാവില്‍ രസം നിറച്ച പഞ്ചാമൃതക്കൂട്ടില്‍ രണ്ടാമന്‍ ചതുരാകൃതിയില്‍ ഒടിച്ചെടുത്ത് കറുമുറെ കടിച്ചു തിന്നാവുന്ന കടലമിഠായി.എത്ര കൊറിച്ചാലും രസം മാറാത്ത കടലയും അപ്പോഴും ഇപ്പോഴും ഒരു പോലെ ഇഷ്ടമുള്ള ശര്‍ക്കരയും കൂട്ടുകാരായപ്പോള്‍ കടലമിഠായിയും എന്റെ പ്രിയതോഴനായി.റാപ്പറുള്ളതു കൊണ്ടു ഹൈക്കമാണ്ട് പ്രശ്നങ്ങളൊന്നുമുണ്ടാക്കിയുമില്ല. ഏഞ്ചിനീയറിങ് കോളേജ് ഹോസ്റ്റെലില്‍ നിന്നുമുള്ള ഓരോ മടക്ക യാത്രയിലും കടലമിഠായി വാങ്ങിവെച്ചു എന്നെ കാത്തിരുന്ന എന്റെ പ്രിയപ്പെട്ട ഹൈക്കമാണ്ട്(അപ്പച്ച-അമ്മച്ചി)...ആ സ്നേഹത്തിനു അതിമധുരം…

മൂന്നാമമൃതം പള്ളീപ്പെരുന്നാളിനെത്തുന്ന വാണിഭക്കാര്‍ മാത്രം കൊണ്ടുവരുന്ന മിഠായികളാണ്^. ഇവ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു. ഈച്ചമിഠായി, പെരുന്നാള്‍മിഠായി എന്നൊക്കെ ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഈ ഗണത്തിന്റെ ഏഴയലത്തുപോലും പോവാനുള്ള അനുവാദം ഈയുള്ളവള്‍ക്കില്ലായിരുന്നു. അസുഖം പിടിക്കാന്‍ വേറൊന്നും വേണ്ടാ എന്നയിരുന്നു ഹൈക്കമാണ്ട് വാദം. ഇവിടെ സഹായത്തിനെത്തുന്നതു കൂട്ടുകാരാണ്. ആരും കാണാതെ വളരെ വേഗത്തില്‍ അകത്താക്കുന്നതിനാല്‍ ഈ മിഠയികളോടു ആസ്വാദനത്തിന്റെ കാര്യത്തില്‍ ഒരിക്കലും നീതി പുലര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

സിഗരറ്റു മിഠായി എന്നു വിളിക്കുന്ന നാലാമമൃതം ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു. കണ്ടാല്‍ സിഗരറ്റു പോലെ തന്നെയിരിക്കും കഴിക്കുന്നതും സിഗരറ്റ് വലിക്കുന്നതു പോലെ ചുണ്ടില്‍ വെച്ചു പതുക്കെ നുണഞ്ഞ്. സിഗരറ്റു വലിക്കണമെന്നു ആഗ്രഹമൊന്നുമില്ലായിരുന്നെന്കിലും ഇവനെ കൈയില്‍ പിടിച്ചു ചുണ്ടോടടുപ്പിക്കുമ്പോള്‍ എന്തോ ഒക്കെ ആണെന്ന ഭാവം ആയിരുന്നു മനസില്‍. അതുകൊണ്ടു തന്നെ പുകവലിയന്മാരുടെ മാനസികവികാരം നന്നായി മനസിലാക്കാന്‍ സധിക്കുന്നുണ്ട്.

എന്റെയീ പഞ്ചാമൃതത്തില്‍ അഞ്ചാമനും വളരെ പ്രിയന്കരനും എന്റെ നാട്ടില്‍ സുലഭമായി കിട്ടിയിരുന്ന നല്ല മധുരമുള്ള വാളന്‍ പുളിയാണ്. വീട് വിട്ട് ഞാന്‍ പോയ സ്ഥലത്തൊക്കെ ഇവന്‍ എന്റെ സന്തത സഹചാരിയായിരുന്നു. എന്റെ അടുക്കളയിലെ അലമാരയില്‍ സകലപ്രഭാവ്ത്തോടെയും ഇവന്‍ സദാ വിരാജിക്കുന്നു. നാരങ്ങാമിഠായി പോലെ തന്നെ തുടങ്ങിയാല്‍ പിന്നെ പല്ലും പുളിച്ച് നാവിലെ തൊലിയും പോയി രണ്ടുദിവസത്തേക്ക് പിന്നെ ഒന്നിന്റേയും രുചി അറിയണ്ടാ.

മുകളില്‍പ്പറഞ്ഞവര്‍പ്രിയപ്പെട്ടവര്‍. പക്ഷെ മധുരക്കൂട്ടുകാര്‍ ഇനിയുമേറെയുണ്ട്. ജോസിന്റെ കടയിലെ ജീരകമിഠായി…വാങ്ങി വീട്ടിലെത്തുമ്പോഴേക്കും ഇവന്‍ കൂടില്‍നിറക്കൂട്ട് സൃഷ്ടിച്ചിരിക്കും. എട്ടു പത്തെണ്ണം എടുത്തു കടിച്ചു പൊട്ടിച്ചു തിന്നുമ്പോള്‍...രുചി ദാ നാവിലെത്തിക്കഴിഞ്ഞു. പിന്നെ വിലയുടെ കാര്യത്തിലും നിലവാരത്തിന്റെ കാര്യത്തിലും അല്പം മുമ്പില്‍ നിന്നിരുന്ന കോഫീബ്യ്റ്റ്,എക്ലേര്‍സ് തുടങ്ങിയവ. ബര്‍ത്ഡേക്ക്ക്ലാസില്‍ എക്ലേര്‍സ് കൊടുക്കുന്നതായിരുന്നു ഒരു സ്റ്റാറ്റസ് സിംബല്‍. നിലവാരം ബോധിച്ചിരുന്നതിനാല്‍ എണ്ണത്തില്‍ നിയന്ത്രിച്ചാലും വാങ്ങിത്തരാന്‍ ഹൈക്കമാണ്ട് മടി കാട്ടിയിരുന്നില്ല. എന്നാല്‍ വളരെ ചെറുപ്പത്തിലേ ബാര്‍ട്ടര്‍സിസ്റ്റത്തിന്റെ സാധ്യതകള്‍ മനസിലാക്കിയിരുന്ന ഈയുള്ളവള്‍ ഒരു എക്ലേര്‍സ് കൊടുത്ത് അയല്‍വക്കത്തെ പയ്യന്‍സിന്‍റ്റെ അടുക്കല്‍ നിന്നു അഞ്ചു നാരങ്ങമിട്ടായി സംഘടിപ്പിച്ചിരുന്നു. ഈ ബിസിനസില്‍ എനിക്കാണു ലാഭമെന്നു ഞാനും തനിക്കാണു ലാഭമെന്നവനും അഹന്കരിച്ചിരുന്നു. പിന്നെയും നീണ്ട നിര….ഗ്യാസ് മിഠായി,പച്ചമിഠായി,ഓറഞ്ചു കല്ലു മിഠായി,കശുവണ്ടി മിഠായി, പൈനാപ്പിള്‍ മിഠായി…അങ്ങിനെ അങ്ങിനെ.

കാലം കടന്നു പോയി. എത്ര സ്ഥലങ്ങള്‍..എന്തൊക്കെ തരം മിഠായികള്‍...കെട്ടിലും മട്ടിലും മത്സരിച്ച്..എന്തൊക്കെ നിറങ്ങളില്‍ …ഭാവങ്ങളില്‍. മധുരം ഇഷട്മുള്ളതു കൊണ്ട് പലതും പരീക്ഷിച്ചു….ചിലതിഷ്ടമായി. പക്ഷെ അവയേയൊക്കെ തോല്പിച്ച് മധുര രാജാക്കന്മാരായി അപ്പോഴും ഇപ്പൊഴും എന്റെ നാവില്‍ ഇരട്ടിമധുരമായി എന്റെ പഞ്ചാമൃതം......അവയില്‍ മുഖ്യനായി എന്റെ പ്രിയപ്പെട്ട നാരങ്ങാമിഠായിയും.

Friday, February 15, 2008

അമ്മയ്ക്കു സ്നേഹത്തോടെ( എഴുപത്തന്ചാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയ മാതാവിന്)


എന്‍ മനതാരിലൊരു കെടാവിളക്കായ്
എന്നന്തരാത്മവിന്നാന്തോളനമായി
നിരന്തരം വാഴുമെന്നൈശ്വര്യമൂര്‍ത്തി
അമ്മ തന്നെ സ്നേഹവും.......
അമ്മ തന്നെ ദേവിയും.......
പ്രാണവായുവും നീയെനിക്കമ്മേ.......

നെയ്ച്ചോറുരുട്ടി ഊട്ടി നീ
ആരിരം പടിയുറക്കി നീ
കുറുമ്പു കാട്ടി ഞാന്‍ പിണങ്ങിയ നേരം
വാരിപ്പുണര്‍ന്നു നല്കീ ചുടുചുംബനം
ആ മടിയില്‍ തല ചായ്ക്കവെ
മറന്നു ഞാനെന്‍ തപങ്ങളെല്ലാം

ഹരിശ്രീ കുറിപ്പിച്ച ഗുരുവാണു നീ
ഹരിനാമം ചൊല്ലി വളര്‍ത്തിയെന്നെ
കലയുടെ കോവിലില്‍ ഞാനാടവെ
എന്നെ കനകച്ചിലന്കയണിയിച്ചു നീ
നിന്‍ സ്നേഹ പാലാഴിയില്‍ കടഞ്ഞെടുത്തെന്നെ
നിന്‍ ചിറകിന്‍ കീഴില്‍ പോറ്റി വളര്‍ത്തി

അമ്മ തന്നെ ദയയും....
അമ്മ തന്നെ ലക്ഷ്മിയും....
വരദേവതയും നീയെനിക്കമ്മേ.....

കാരുണ്യവാരിധേ നിന്‍ പാദസ്പര്‍ശം പുണ്യം
അനുഗ്രഹിക്കൂ നിന്‍ മക്കളെയമ്മേ
ഇനിയൊരായിരം ജന്മമുണ്ടെന്കിലും
നിന്‍ ഗര്‍ഭപാത്രത്തിലിടം തരേണം
നീയെനിക്കെന്നും തായയായിടേണം
നിന്‍ സ്നേഹസാഗരത്തില്‍ നീന്തിടട്ടെ

അര്‍പ്പിക്കുന്നീ പുണ്യ പാദാന്തത്തില്‍
ഒരായിരം സ്നേഹപുഷ്പങ്ങളമ്മേ

Thursday, January 17, 2008

പ്രിയസഖിക്കു സ്നേഹപൂര്‍വ്വം

ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ടു തുടങ്ങയതാണീ സൌഹൃദം.എന്‌റ്റെ ബാല്യകാല സുഹൃത്തുക്കളില്‍ നീ എനിക്കു എറ്റവും പ്രിയങ്കരിയായി മാറി..എപ്പോഴും വിളിപ്പുറത്തു നീ ഉണ്ടായിരുന്നു...എനിക്കു സൌഹൃദം പകര്‍ന്നു വീടിന്‌റ്റെ പിന്നാമ്പുറത്തു കൂടെ നീ സ്വച്ച്ഛം ഒഴുകി.

സുഖവും ദു:ഖവും നിന്നോടു ഞാന്‍ പങ്കിട്ടു.നീ എന്നും നല്ല ഒരു ശ്രോതാവായിരുന്നു.എന്‌റ്റെ ജീവിതത്തില്‍ നീയറിയാത്തതായി ഒന്നുമില്ലായിരുന്നു.നിന്‌റ്റെ സാമീപ്യം കലുഷിതമായ മനസിനെ എപ്പോഴും ശാന്‌തമാക്കി...നിന്‌റ്റെ തളിര്‍ മേനിയെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്‌...നിന്‌റ്റെ തലോടലിനായി ചാഞ്ഞു നില്‍ക്കുന്ന പുല്‍ക്കൊടികള്‍...നിന്നില്‍ നീന്‌തിത്തുടിക്കുന്ന കുഞ്ഞുമീനുകള്‍ എല്ലാം നമ്മുദെ കൂട്ടുകെട്ടിന്‌റ്റെ സാക്ഷികളായിരുന്നു.നീയെനിക്കു എന്നും വെള്ളാരംകല്ലുകള്‍ സമ്മാനമായി തന്നു.എന്‌റ്റെ കണ്ണീര്‍ നിന്നിലലിഞ്ഞില്ലാതായി.എന്‌റ്റെ പൊട്ടിച്ചിരികളേറ്റു വാങ്ങി നീയും കുലുങ്ങിച്ചിരിച്ചു...പിന്നെ കുണുങ്ങിയൊഴുകി.

എന്‌റ്റെ കദനം കവിതയായി ഞാന്‍ നിന്നൊടു ചൊല്ലി..നീ നിന്‌റ്റെ പൊന്നോളങ്ങളാല്‍ താളം പിടിച്ചു.നീയെനിക്കു കഥകള്‍ പറഞ്ഞു തന്നു.വഴിയില്‍ കേട്ടതും ഒഴുകിയറിഞ്ഞതുമായ നിന്‌റ്റെ കഥകള്‍ എന്നും പുതുമ നിറഞ്ഞതായിരുന്നു.അവ എന്നിലെ ഭാവനയെ ഉണര്‍ത്തി.

തകര്‍ത്തു പെയ്യുന്ന തുലാമഴയില്‍ നിന്നില്‍ വന്ന വേഷപ്പകര്‍ച്ച..എല്ലാവരും നിന്‌റ്റെ അടുത്തേക്കു വരുന്നതില്‍ നിന്നു എന്നെ വിലക്കി.പക്ഷെ അപ്പോഴത്തെ നിണ്റ്റെ ചടുലത,വേഗത ഒക്കെ എന്നെ ആവേശം കൊള്ളിച്ചു.ഞാന്‍ നിന്നെത്തേടിയെത്തി.ഏന്നെ കാണുന്ന മാത്രയില്‍ നീ നിന്‌റ്റെ രൌദ്രഭാവം വെടിഞ്ഞു ശാന്‌തയായി.പിന്നെ മഴയൊഴിഞ്ഞ മേഘങ്ങള്‍ യാത്രയാവുമ്പോള്‍ വീണ്ടും ശാലീനത ഉള്‍ക്കൊണ്ടു ഒരു നാടന്‍ പെണ്ണിനെ പോലെ നീ ഒഴുകി.

കനത്ത വേനല്‍ച്ചൂടേറ്റു നീ വാടവേ തണലായി ഞാന്‍ നിന്‌റ്റെ കൂടെ നിന്നു.പിന്നെ ഞാന്‍ ആവാഹിച്ചു വരുത്തിയ വേനല്‍ മഴയില്‍ നിന്നോടൊത്തു ഞാന്‍ ആനന്ദനടനമാടി.

വേര്‍പാടിണ്റ്റെ ദിനങ്ങള്‍ വേഗം വന്നെത്തി.അപ്പോഴും നീ എനിക്കു കരുത്തേകി.നിന്നെപ്പോലെ ഒഴുകിയൊഴുകിയാ മഹസാഗരത്തിലെത്താന്‍ എനിക്കും തിടുക്കമായി.

ഓരോ മടക്കയാത്രയിലും നിന്നിലേക്കു ഞാന്‍ ഓടിയെത്തി.കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും.

ഏറെ ദൂരെയെങ്കിലും ഇപ്പോഴും കണ്ണടച്ചാല്‍ നീയെന്നിലെക്കു കുണുങ്ങി ഒഴുകിയെത്തും...കാതോര്‍ത്താല്‍ പരിഭവങ്ങള്‍ക്കിടയിലൂടെ കിന്നാരം പറയും.കുഞ്ഞലകളാല്‍ തൊട്ടിലാട്ടി കളകളങ്ങളാല്‍ താരാട്ടു പാടി എന്നെ ഉറക്കും. നീയെന്‍ പ്രിയ സഖി...ഒരു കുളിര്‍മ്മയായി ...നനുത്ത തലോടലായി എപ്പൊഴും നീയെന്നടുത്തുണ്ട്‌.ഒരു ഹൃദയതാളം മാത്രം അകലെ.

Friday, January 4, 2008

എണ്‌ടെ മോഹാക്ഷരങ്ങള്‍

രാത്രി ഏറെ വൈകിയിരിക്കുന്നു.പക്ഷെ പുറത്‌തു നല്ല വെളിച്ചം. മഞ്ഞു നന്നായി പെയ്യുന്നുണ്ട്‌.മഞ്ഞിണ്റ്റെ വെണ്‍മയും നിലാവിണ്റ്റെ നീലിമയും കൂടിക്കലര്‍ന്ന്‌ വല്ലാണ്ട്‌ മോഹിപ്പിക്കുന്ന ഒരു സൌന്ദര്യം രാത്രിക്ക്‌.മനസ്‌ നന്നായി ശാന്തമായിരിക്കുന്നു.പേന കൈയില്‍ എടുത്‌തതു.പുറത്‌തേക്കു പ്രവഹിക്കാന്‍ വെമ്പി നിന്ന വാക്കുകളൊക്കെയും ആരോ കൊട്ടിയടച്‌`ച ഒരു വാതിലിണ്റ്റെ പിന്നിലാക്കപ്പെട്ട പോലെ.വല്ലാത്‌ത ഒരു മരവിപ്പ്‌.പുറത്‌തു വീണ മഞ്ഞിനോടൊപ്പം മനസിലെ ഭാവനയും തണുത്‌തുറഞ്ഞ പോലെ.ഉറക്കം മെല്ലെ ശരീരത്‌തിലേക്ക്‌ അരിച്ചെത്‌തുന്നു.മനസു മാത്രം തളരാതെ പിടിച്ചു നില്‍ക്കുന്നു.ഇതു സ്ഥിരം സംഭവമാണ്‌.വൈകിട്ടു ഒന്‍പതു മണിയോടെ ശരീരം എതാണ്ടു ഉറങ്ങിക്കഴിഞ്ഞിരിക്കും.ബാക്കി രണ്ട്‌ മണിക്കൂറ്‍ മനസിനോടുള്ള ഒരു സഹകരണം മത്രമാണ്‌ ശരീരത്‌തില്‍ സംഭവിക്കുന്നത്‌.സമയം രാത്രി പതിനൊന്നോടടുക്കുന്നു.ഇനിയും ഉറങ്ങിയില്ലെങ്ങില്‍ നാളെത്‌തെ കാര്യങ്ങള്‍ അവതാളത്‌തിലാവും.രാവിലെ ആറു മണിക്കു എണീറ്റു പതിവു നൃത്‌തം തുടങ്ങേണ്ടതാണ്‌.കണ്ണുകള്‍ ഇറുക്കിയടച്ചു...ശൂന്യത...ഇരുട്ട്‌...മെല്ലെ വെളിച്ചം പരക്കുന്നതു പോലെ.മഞ്ഞു കണങ്ങള്‍ പൊഴിയുന്നു.അല്ല മഞ്ഞു കണങ്ങള്‍ പോലെ അക്ഷരങ്ങള്‍..എണ്റ്റെ പ്രിയപ്പെട്ട മലയാളം അക്ഷരങ്ങള്‍.അവ മെല്ലെ പാറിപ്പറന്നു താഴേക്കു പതിക്കുന്നു...ഞാന്‍ കാണാനാഗ്രഹിച അക്ഷരങ്ങള്‍...അവ രൂപം കൊടുത്‌ത വാക്കുകള്‍.....വാക്യങ്ങളായി.... ഒരു പരവതാനി വിരിച്ച പോലെ.പിന്നെ അവ വീണ്ടും പൂമ്പാറ്റകളെ പോലെ പറന്നുയര്‍ന്നു... എനിക്കു ചുറ്‌റും നൃത്‌തം വക്കുന്നു..ഞാനറിയാതെ എണ്റ്റെ പാദങ്ങളും ആ താളലയങ്ങള്‍ക്കൊപ്പം ആടിത്‌തുടങ്ങുന്നു...