Thursday, January 17, 2008

പ്രിയസഖിക്കു സ്നേഹപൂര്‍വ്വം

ഓര്‍മ്മ വെച്ചപ്പോള്‍ തൊട്ടു തുടങ്ങയതാണീ സൌഹൃദം.എന്‌റ്റെ ബാല്യകാല സുഹൃത്തുക്കളില്‍ നീ എനിക്കു എറ്റവും പ്രിയങ്കരിയായി മാറി..എപ്പോഴും വിളിപ്പുറത്തു നീ ഉണ്ടായിരുന്നു...എനിക്കു സൌഹൃദം പകര്‍ന്നു വീടിന്‌റ്റെ പിന്നാമ്പുറത്തു കൂടെ നീ സ്വച്ച്ഛം ഒഴുകി.

സുഖവും ദു:ഖവും നിന്നോടു ഞാന്‍ പങ്കിട്ടു.നീ എന്നും നല്ല ഒരു ശ്രോതാവായിരുന്നു.എന്‌റ്റെ ജീവിതത്തില്‍ നീയറിയാത്തതായി ഒന്നുമില്ലായിരുന്നു.നിന്‌റ്റെ സാമീപ്യം കലുഷിതമായ മനസിനെ എപ്പോഴും ശാന്‌തമാക്കി...നിന്‌റ്റെ തളിര്‍ മേനിയെ തഴുകിയെത്തുന്ന കുളിര്‍കാറ്റ്‌...നിന്‌റ്റെ തലോടലിനായി ചാഞ്ഞു നില്‍ക്കുന്ന പുല്‍ക്കൊടികള്‍...നിന്നില്‍ നീന്‌തിത്തുടിക്കുന്ന കുഞ്ഞുമീനുകള്‍ എല്ലാം നമ്മുദെ കൂട്ടുകെട്ടിന്‌റ്റെ സാക്ഷികളായിരുന്നു.നീയെനിക്കു എന്നും വെള്ളാരംകല്ലുകള്‍ സമ്മാനമായി തന്നു.എന്‌റ്റെ കണ്ണീര്‍ നിന്നിലലിഞ്ഞില്ലാതായി.എന്‌റ്റെ പൊട്ടിച്ചിരികളേറ്റു വാങ്ങി നീയും കുലുങ്ങിച്ചിരിച്ചു...പിന്നെ കുണുങ്ങിയൊഴുകി.

എന്‌റ്റെ കദനം കവിതയായി ഞാന്‍ നിന്നൊടു ചൊല്ലി..നീ നിന്‌റ്റെ പൊന്നോളങ്ങളാല്‍ താളം പിടിച്ചു.നീയെനിക്കു കഥകള്‍ പറഞ്ഞു തന്നു.വഴിയില്‍ കേട്ടതും ഒഴുകിയറിഞ്ഞതുമായ നിന്‌റ്റെ കഥകള്‍ എന്നും പുതുമ നിറഞ്ഞതായിരുന്നു.അവ എന്നിലെ ഭാവനയെ ഉണര്‍ത്തി.

തകര്‍ത്തു പെയ്യുന്ന തുലാമഴയില്‍ നിന്നില്‍ വന്ന വേഷപ്പകര്‍ച്ച..എല്ലാവരും നിന്‌റ്റെ അടുത്തേക്കു വരുന്നതില്‍ നിന്നു എന്നെ വിലക്കി.പക്ഷെ അപ്പോഴത്തെ നിണ്റ്റെ ചടുലത,വേഗത ഒക്കെ എന്നെ ആവേശം കൊള്ളിച്ചു.ഞാന്‍ നിന്നെത്തേടിയെത്തി.ഏന്നെ കാണുന്ന മാത്രയില്‍ നീ നിന്‌റ്റെ രൌദ്രഭാവം വെടിഞ്ഞു ശാന്‌തയായി.പിന്നെ മഴയൊഴിഞ്ഞ മേഘങ്ങള്‍ യാത്രയാവുമ്പോള്‍ വീണ്ടും ശാലീനത ഉള്‍ക്കൊണ്ടു ഒരു നാടന്‍ പെണ്ണിനെ പോലെ നീ ഒഴുകി.

കനത്ത വേനല്‍ച്ചൂടേറ്റു നീ വാടവേ തണലായി ഞാന്‍ നിന്‌റ്റെ കൂടെ നിന്നു.പിന്നെ ഞാന്‍ ആവാഹിച്ചു വരുത്തിയ വേനല്‍ മഴയില്‍ നിന്നോടൊത്തു ഞാന്‍ ആനന്ദനടനമാടി.

വേര്‍പാടിണ്റ്റെ ദിനങ്ങള്‍ വേഗം വന്നെത്തി.അപ്പോഴും നീ എനിക്കു കരുത്തേകി.നിന്നെപ്പോലെ ഒഴുകിയൊഴുകിയാ മഹസാഗരത്തിലെത്താന്‍ എനിക്കും തിടുക്കമായി.

ഓരോ മടക്കയാത്രയിലും നിന്നിലേക്കു ഞാന്‍ ഓടിയെത്തി.കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും.

ഏറെ ദൂരെയെങ്കിലും ഇപ്പോഴും കണ്ണടച്ചാല്‍ നീയെന്നിലെക്കു കുണുങ്ങി ഒഴുകിയെത്തും...കാതോര്‍ത്താല്‍ പരിഭവങ്ങള്‍ക്കിടയിലൂടെ കിന്നാരം പറയും.കുഞ്ഞലകളാല്‍ തൊട്ടിലാട്ടി കളകളങ്ങളാല്‍ താരാട്ടു പാടി എന്നെ ഉറക്കും. നീയെന്‍ പ്രിയ സഖി...ഒരു കുളിര്‍മ്മയായി ...നനുത്ത തലോടലായി എപ്പൊഴും നീയെന്നടുത്തുണ്ട്‌.ഒരു ഹൃദയതാളം മാത്രം അകലെ.

8 comments:

Anonymous said...

Are you talking about the 'Aakka Thodu' or 'Meenachilarru' in your backyard?

ശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു.

“കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും..”

നമുക്കു പ്രായമായാലും എല്ലാ അരുവികളും പുഴകളും എന്നും ചെറുപ്പമായി തന്നെ നിലനില്‍‌ക്കട്ടെ!
:)

നിരക്ഷരൻ said...

ഓരോ മടക്കയാത്രയിലും നിന്നിലേക്കു ഞാന്‍ ഓടിയെത്തി.കൂടിക്കാഴ്ചകളില്‍ നിനക്കു ചെറുപ്പമേറുന്നതയി എനിക്കു തോന്നി...എനിക്കു പ്രായവും.

നീയെന്‍ പ്രിയ സഖി...ഒരു കുളിര്‍മ്മയായി ...നനുത്ത തലോടലായി എപ്പൊഴും നീയെന്നടുത്തുണ്ട്‌.ഒരു ഹൃദയതാളം മാത്രം അകലെ.

അക്കത്തോടായാലും, മീനച്ചിലാറായാലും ആ കുളിര്‍മ്മയും , തലോടലും എന്നും ഉണ്ടാകട്ടെ എന്നാഗ്രഹിക്കാം.

വേഡ് വെരിഫിക്കേഷന്‍ മാറ്റാമോ ?

പ്രയാസി said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു..!

അഭിനന്ദനങ്ങള്‍..:)

ദിലീപ് വിശ്വനാഥ് said...

ആ പ്രിയ കൂട്ടുകാരിയെ സംരക്ഷിക്കൂ... അല്ലെങ്കില്‍ ഏതെങ്കിലും കാപാലികന്മാര്‍ അവളെയും വില്‍ക്കും.
വളരെ ഹൃദ്യമായ എഴുത്ത്.

Gopan | ഗോപന്‍ said...

Jane,
വളരെ ഹൃദയ സ്പര്‍ശിയായ കുറിപ്പ്..
ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ വിരോധമില്ലെങ്കില്‍ മാറ്റുക..
സ്നേഹത്തോടെ
ഗോപന്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഏറെ ദൂരെയെങ്കിലും ഇപ്പോഴും കണ്ണടച്ചാല്‍ നീയെന്നിലെക്കു കുണുങ്ങി ഒഴുകിയെത്തും...കാതോര്‍ത്താല്‍ പരിഭവങ്ങള്‍ക്കിടയിലൂടെ കിന്നാരം പറയും.കുഞ്ഞലകളാല്‍ തൊട്ടിലാട്ടി കളകളങ്ങളാല്‍ താരാട്ടു പാടി എന്നെ ഉറക്കും.
മാഷെ നല്ല ശൈലി ഇനിയും എഴുതൂ..

Anonymous said...

മലയാളത്തോടുള്ള അദമ്യമായ സ്നേഹം കൊണ്ടാണു ഇവിടെയെത്തിയത്...എല്ലാ തെറ്റുകളും ക്ഷമിച്ചു ഒത്തിരി സ്നേഹത്തോടെ സ്വീകരിച്ച ഏവര്‍ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍.